സ്ഥാപന ചരിത്രം
സ്ഥാപന ചരിത്രം
ആര്യനാടിൻ്റെ ശ്രേഷ്ഠമായ ഭൂതകാലവും പരിണാമവും.
ആദിമചരിത്രവും പൈതൃകവും
ആദ്യ നിവാസികളും കുടിയേറ്റവും
ആര്യനാട് പഞ്ചായത്ത് പ്രദേശത്തെ ആദിമനിവാസികൾ ദ്രാവിഡർ ആയിരുന്നു. കാലാന്തരത്തിൽ കർണ്ണാടകത്തിൽ നിന്നും തമിഴ് നാട്ടിൽ നിന്നും കൂടുതൽ ജനങ്ങൾ കുടിയേറി.

നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ പ്രദേശം പ്രഗൽഭരായ പ്രഭു കുടുംബങ്ങളുടെ ആസ്ഥാനമായിരുന്നു. കോട്ടയ്ക്കകം, കാവൽപുരമുക്ക് തുടങ്ങിയ സ്ഥലപ്പേരുകൾ ഇതിന് ഉദാഹരണമാണ്. എ.ഡി. ഒന്നാം ശതകം മുതൽ പത്താം ശതകം വരെ ആര്യ രാജാവിൻ്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം എന്ന് കരുതപ്പെടുന്നു.
ആര്യനാട്: ആ പേരിന് പിന്നിൽ
പേരിൻ്റെ അർത്ഥം
ആര്യ എന്ന വാക്കിന് ശ്രേഷ്‌ഠം, മനോഹരം എന്നൊക്കെ അർത്ഥമുണ്ട്.
കുന്നുകളും മരങ്ങളും പുഴകളും തോടുകളും കൂടി അതിമനോഹരമായിരുന്നു ഈ പ്രദേശം. ആക്കാരണത്താൽ മനോഹരമായ നാട് - ആര്യമായ നാട് - ആര്യനാടായി മാറി.

പഞ്ചായത്ത് രൂപീകരണവും വികാസവും
രൂപീകരണ നാഴികക്കല്ലുകൾ
1953 ഓഗസ്റ്റ് 15: പഞ്ചായത്ത് രൂപീകരണം
ആര്യനാട് ഗ്രാമ പഞ്ചായത്ത് രൂപീകൃതമായത് ഈ ദിവസമാണ്. വടക്ക് പൊൻമുടി മുതൽ തെക്ക് പൂവച്ചൽ പഞ്ചായത്തിൻ്റെ അതിർത്തിയിലെ പേഴുംമൂട് വരെയുള്ള വിശാലമായ പ്രദേശമായിരുന്നു അന്ന് ആര്യനാട് പഞ്ചായത്ത്.
തുടർന്നുള്ള വിഭജനം
പിൽക്കാലത്ത് വിതുര, തൊളിക്കോട്, ഉഴമലയ്ക്കൽ, കുറ്റിച്ചൽ എന്നീ പഞ്ചായത്തുകൾ ആര്യനാട് ഗ്രാമ പഞ്ചായത്തിൽ നിന്നുമാണ് രൂപീകൃതമായത്. പ്രാദേശിക ഭരണത്തിൻ്റെ വികേന്ദ്രീകരണത്തിൽ ഇത് നിർണായകമായിരുന്നു.
പ്രദേശ മാറ്റങ്ങൾ
ആര്യനാട് ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമായിരുന്ന പൊൻമുടി ഇപ്പോൾ പെരിങ്ങമല പഞ്ചായത്തിൻ്റെ ഭാഗമാണ്.
പ്രധാന റോഡ്
ഈ പഞ്ചായത്തിലെ ആദ്യകാല റോഡുകളിൽ പ്രധാനപ്പെട്ടതായിരുന്നു കോട്ടൂർ - അംമ്പാസമുദ്രം റോഡ്.
ഭൂപ്രകൃതിയും ജലസ്രോതസ്സുകളും
പ്രധാന ഭൂവിഭാഗങ്ങൾ
പ്രകൃതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ പ്രധാനമായും ഈ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
- » മലമ്പ്രദേശങ്ങൾ
- » ഉയർന്ന കുന്നിൻ പ്രദേശങ്ങൾ
- » ചരിവുകൾ
- » താഴ്വാരങ്ങൾ

മണ്ണും ജലസ്രോതസ്സുകളും
മണ്ണിനങ്ങൾ
പഞ്ചായത്തിലെ മണ്ണിനങ്ങളെ പ്രധാനമായും വനപ്രദേശം, ലാറ്ററേറ്റ് മണ്ണ്, എക്കൽ മണ്ണ് എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.
ജലസ്രോതസ്സുകൾ
പഞ്ചായത്തിൻ്റെ മധ്യ ഭാഗത്തുകൂടെ കടന്ന് പോകുന്ന കരമനയാറും, കരമനയാറിൻ്റെ പോഷക നദികളും, തോടുകളും, കുളങ്ങളുമാണ് ഇവിടത്തെ പ്രധാന ജലസ്രോതസ്സുകൾ.