ലഹരിക്കെതിരെ ജനകീയ പ്രതിരോധം : ‘ ഓപ്പറേഷൻ തൂഫാൻ 2.0’
October 8, 2025
സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ വ്യാപനം തടയുന്നതിനായി ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിന്റെ ആര്യനാട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ആര്യനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അഞ്ജന. ജി. നായർ നിർവ്വഹിച്ചു. പഞ്ചായത്ത് വാർഡ് തലങ്ങൾ കേന്ദ്രീകരിച്ച് ജനകീയ പങ്കാളിത്തത്തോടെ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങളിൽ തൂഫാൻ പതാക ഉയർത്തുകയും ജനപ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്ത തൂഫാൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും, വാർഡ് തലങ്ങളിൽ ജനകീയ സമിതികൾ രൂപീകരിച്ച് ലഹരി വിപത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും ഗ്രാമപഞ്ചായത്തുകൾ തീരുമാനിച്ചു. ലഹരി ഉപയോഗമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ ഉദ്യോഗസ്ഥരെ അറിയിക്കാനുള്ള സജ്ജീകരണങ്ങളും പദ്ധതിയുടെ ഭാഗമായി പൊരുത്തപ്പെടുത്തിയിട്ടുണ്ട്.